തിരുവചനത്തിൽ നെഹെമ്യാവു അദ്ധ്യായം 2-ഇൽ ഇങ്ങനെ കാണുന്നു”…സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും;……”
ദൈവ മക്കൾ ആകുന്ന നാമോരോരുത്തനും കൃപയാൽ എഴുന്നേറ്റ് നമ്മുടെ ജനത്തിനും ,നമ്മുടെ അവകാശങ്ങൾക്കും ,ദേശത്തിനും ,പട്ടണത്തിനും,രാജ്യത്തിനും വേണ്ടി മതിലുകൾ പണിയേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആകുന്നു. ഉറപ്പുള്ള മതിലുകൾ ശത്രുവായ സാത്താനെ തടയുന്നു .അവന്റെ പദ്ധതികളെ തകർക്കുന്നു. യഥാർത്ഥത്തിൽ നമുക്ക് ചുറ്റും സംരക്ഷണത്തിന്റെ മതിൽ പണിയുന്നത് ദൈവമാകുന്നു. നാം ദൈവത്തോട് കൃപയാൽ ചേർന്ന് നിൽക്കുന്നിടത്തോളം ആ മതിലുകൾക്ക് വിള്ളൽ വരുകയില്ല.
ഇന്ത്യയിലെ ദൈവ സഭ എഴുന്നേൽക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവ സഭ ഉണർന്നു പ്രവർത്തിക്കേണ്ടത് ഏറ്റവും അത്യാവശ്യം ആകുന്നു.ഇന്ന് സോഷ്യൽ മീഡിയയിൽ ദൈവ ദാസന്മാർ ചിലപ്പോഴൊക്കെ പരസ്പരം ചെളി വാരിയെറിയുന്നതും ,കുറ്റം വിധിക്കുന്നതും കാണുമ്പോൾ നാം അറിയുന്നില്ല ശത്രുവായ സാത്താൻ പിടി മുറുക്കുന്നതും ,നമ്മുടെ മതിലുകൾക്ക് വിള്ളലുകൾ വരുന്ന കാര്യവും.അന്ത ഛിദ്രമുള്ള ഭവനത്തിന്റെ സ്ഥിതി എന്താണ് എന്ന് ചിന്തിച്ചാട്ടെ. ആത്മാക്കളെ കൃപയാൽ ശോധന ചെയ്യുക.എന്നാൽ മനുഷ്യരെ വിധിക്കാതെ ഇരിക്കുക.
കൃപയാൽ മാത്രം നീതീകരിക്കപ്പെട്ടു ദൈവ സഭയിൽ കൂട്ടി ചേർക്കപ്പെട്ട നാം മറ്റുള്ളവരെ കുറ്റം വിധിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് ഓരോരുത്തനും ചിന്തിക്കട്ടെ .നമ്മിൽ കുറവുകൾ ഇല്ലാത്ത മനുഷ്യരില്ലല്ലോ.
ഒരു പക്ഷെ നാം വിധിക്കാൻ തീരുമാനിക്കുന്ന വ്യക്തിയുടെ കുറ്റങ്ങൾ നാം ചെയ്യുന്നില്ല എന്ന് വന്നേക്കാം .എന്നാൽ നാം പൂർണരായിട്ടില്ല .നാം ആ വ്യക്തി ചെയ്യാത്ത മറ്റൊരു കുറ്റം ആയിരിക്കാം അറിയാതെ ചെയ്യുന്നത്.പിന്നെ എങ്ങനെ നാം മറ്റ് വ്യക്തികളെ,ദൈവ ദാസന്മാരെ ,ദൈവ മക്കളെ വിധിക്കും ,ചെളി വാരിയെറിയും,കുറ്റം പറയും.ഈ വക ജഡ പ്രവർത്തികൾ കൃപയാൽ ഒഴിവാക്കുക .അതിനാൽ ദൈവ മക്കൾ ഇത് പ്രത്യേകം ശ്രദ്ധിക്കുക . നമ്മുടെ മതിലുകൾ നാം ഇടിച്ചു കളയരുതേ !
നാം ദൈവ മക്കളുടെ മതിലുകൾ, ദൈവ കൃപയുടെ മതിലുകൾ,പ്രാർത്ഥനയുടെ മതിലുകൾ,സത്യ സുവിശേഷത്തിന്റെ മതിലുകൾ ,രക്ഷയുടെ മതിലുകൾ,നീതിയുടെ മതിലുകൾ, ,വിശ്വാസത്തിന്റെ മതിലുകൾ ,വിശുദ്ധിയുടെ& വേർപാടിന്റെ മതിലുകൾ, ദൈവ രാജ്യത്തിന്റെ മതിലുകൾ, മുതലായവ നമുക്ക് ചുറ്റും ,നമ്മുടെ ഭവനത്തിനും ,നമ്മുടെ അവകാശങ്ങൾക്കും ,ചാർച്ചക്കാർക്കും, സുഹൃത്തുക്കൾക്കും, നാം ആകുന്ന ചുറ്റുപാടുകളിലും, നാമായിരിക്കുന്ന സമൂഹത്തിലും,ദൈവ സഭക്കും എല്ലാം കൃപയാൽ പണിയേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആകുന്നു എന്ന് ഓരോരുത്തനും നിശ്ചയിക്കട്ടെ ,പ്രവർത്തിക്കട്ടെ.
വിശുദ്ധ ബൈബിളിൽ നെഹെമ്യാവിന്റെ പുസ്‌തകത്തിൽ നാം കാണുന്നു വിശുദ്ധ നഗരത്തിനു ദൈവ ജനം ദൈവ ഹിത പ്രകാരം മതിൽ പണിയുന്നത് ആയി.അത് നമുക്ക് മാതൃക ആക്കാവുന്ന ഒരു കാര്യം ആകുന്നു .
എങ്ങനെ നാം മതിൽ പണിയണം?
- നാം മതിൽ പണിയുമ്പോൾ രാജാധി രാജാവായ ദൈവത്തിന്റെ ഹിതപ്രകാരം പണിയണം .
- ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയണം.
- ദൈവ കൃപയാൽ പണിയണം.
- ദൈവത്തോട് ചേർന്ന് നിന്ന് പണിയണം.
- പരിശുദ്ധ ആത്മാവിനെ കൃപയാൽ അനുസരിച്ചു നടന്ന് പണിയണം.
- ക്രിസ്തുവിനെ ധരിച്ചു കൊണ്ട് ,ചുമന്നു കൊണ്ട് പണിയണം.
- പരസ്പരം കൈ താങ്ങണം.
- (“തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ”.ഗലാത്യർ – അദ്ധ്യായം 6: ).
- നമ്മുടെ അവകാശങ്ങൾക്കു വേണ്ടി പണിയണം.
- സ്വന്ത ജനത്തിന് വേണ്ടി,ദൈവ രാജ്യത്തിന് വേണ്ടി ,ദൈവ സഭക്ക് വേണ്ടി പണിയണം .
- അനുദിനം പണിയണം.
- നാം കാവൽക്കാരനെ പോലെ ആയിരുന്നു പണിയണം.
- അന്തിമ ലക്‌ഷ്യം എത്തുന്നത് വരെ പണിയണം .
- ശത്രുവിനെ ഭയക്കേണ്ടതില്ല .
- സാഹചര്യങ്ങൾ അനുകൂലമായാലും ,പ്രതികൂലമായാലും പണിയണം .
- പണിയിൽ നമ്മുടെ ഭാഗം തീർക്കണം.
- ദൈവത്തിന്റെ സർവ്വായുധ വർഗം ധരിച്ചു കൊണ്ട് പണിയണം .
- മതിൽ പണിതു തീർത്തു കതകുകൾ വെക്കണം .
- നാം പണി തീർത്ത മതിലുകൾ ദൈവത്തിനു സമർപ്പിക്കണം.
അതിനാൽ ദൈവ മക്കളെ ദൈവ കൃപയാൽ നാം വരുക, എഴുന്നേൽക്കുക ,നമുക്ക് ഒരുമിച്ചു നമ്മുടെ മതിലുകൾ പണിയാം.ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ .