ഇന്ന് ചിലർ പറയാറുണ്ട് ഞാൻ വിശുദ്ധ പത്രോസിന്റെ സഭയിലെ അംഗമാകുന്നു.വിശുദ്ധ പത്രോസ് എന്ന പാറയിലുള്ള സഭയിൽ ആകുന്നു എന്നൊക്കെ.
// 18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (മത്തായി അദ്ധ്യായം 16: )//
ഈ ദൈവ വചനത്തെ ആധാരം ആക്കി പറയുന്നത് ആയിരിക്കാം.
വചനം പരിശോധിച്ചാൽ , അപ്പോസ്തോല പ്രവർത്തികൾ 2 ആം അദ്ധ്യായത്തിൽ, തല ആകുന്ന യേശുവിന്റെ ശരീരം ആകുന്ന സഭയുടെ ആദ്യത്തെ അപ്പോസ്തോലിക ഉപദേശം തല ആകുന്ന യേശുക്രിസ്തുവിൽ(ദൈവ വചനത്തിൽ) വേരൂന്നി കൃപയാൽ പെന്തക്കോസ്തു നാളിൽ ഇട്ട ശ്രേഷ്ഠ അപ്പോസ്തോലൻ ആകുന്നു വിശുദ്ധ പത്രോസ് എന്ന് നമുക്ക് കാണുവാൻ കഴിയും.
എന്നാൽ യേശുവിന്റെ സഭക്ക് ഒരു അപ്പോസ്തോലന്റെ അടിസ്ഥാനം മാത്രം ആകുന്നോ ഉള്ളത്?
നമുക്ക് യേശു ക്രിസ്തുവിന്റെ സഭയുടെ അടിസ്ഥാനങ്ങളെ കുറിച്ചുള്ള ദൈവ വചനങ്ങൾ പരിശോധിക്കാം.
// 11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;(1 Corinthians 3: )
എഫെസ്യർ/അദ്ധ്യായം 2:20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.//
ഇവിടെ നാം കാണുന്നു യേശുവിന്റെ സഭയുടെ അടിസ്ഥാന മൂലക്കല്ല് യേശു ക്രിസ്തു എന്ന ദൈവത്തിന്റെ വചനം തന്നെ ആകുന്നു.ആ മൂലക്കല്ലിന്മേൽ പണിയപ്പെട്ട മറ്റു അടിസ്ഥാനങ്ങൾ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാകുന്നു.ഇവിടെ നമ്മൾ ഒരു അപ്പസ്തോലന്റെ മാത്രം അടിസ്ഥാനമല്ല സഭക്ക് ഉള്ളത് എന്ന് കാണുന്നു .
സഭയെ ഒരു കെട്ടിടത്തോട്,ആൽമിക ഗൃഹത്തോടു ഉപമിക്കുന്നു
// 1. പത്രൊസ്/അദ്ധ്യായം 2:5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.//
സഭയെ ദൈവസന്നിധിയിൽനിന്നു ഇറങ്ങുന്ന ഒരു വിശുദ്ധ നഗരത്തോടുള്ള ബന്ധത്തിൽ നോക്കുമ്പോൾ
// വെളിപ്പാടു/അദ്ധ്യായം 21:10 അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.
വെളിപ്പാടു/അദ്ധ്യായം 21:14 നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.//
ഇവിടെ നമ്മൾ ഒരു അപ്പസ്തോലന്റെ മാത്രം അടിസ്ഥാനമല്ല സഭക്ക് ,വിശുദ്ധ നഗരത്തിനു ഉള്ളത് എന്ന് കാണുന്നു .
സഭയെ യേശു ക്രിസ്തുവിന്റെ ശരീരം എന്ന നിലയിൽ കാണുമ്പോൾ
// 18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. //
ഇവിടെ വിശുദ്ധ പത്രോസും മറ്റു അപ്പോസ്തോലന്മാരും യേശു ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗം ആകുന്നു എന്ന് മനസിലാക്കാം .ആ യേശുവിന്റെ ശരീരത്തിലുള്ള അടിസ്ഥാനങ്ങൾ ആകുന്നു അപ്പോസ്തോലന്മാരും പ്രവാചകരും.അപ്പോഴും അവർ യേശുവിന്റെ ശരീരത്തിൽ അടിസ്ഥാനം ഇട്ടിരിക്കുന്നത് യേശുവെന്ന ,ദൈവ വചനം എന്ന തലയിൽ വേരൂന്നി കൊണ്ട് അതിനു കീഴിൽ നിന്ന് കൊണ്ടാകുന്നു.
// കൊലൊസ്സ്യർ/അദ്ധ്യായം 2:19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നു.//
അതിനാൽ പ്രിയരേ, മനുഷ്യൻ പണിയുന്ന സഭയിൽ അല്ല മറിച്ചു യേശു ക്രിസ്തു പണിയുന്ന അവിടുത്തെ സ്വന്ത രക്തത്താൽ വീണ്ടെടുത്ത ,ദൈവ കൃപയാൽ രക്ഷിക്കപ്പെട്ടവരുടെ കൂട്ടം ആകുന്ന, വിശ്വാസ സ്നാനത്താൽ യേശുവിന്റെ മരണത്തോട് ഐക്യപ്പെട്ട,പരിശുദ്ധാത്മ സ്നാനം ലഭിക്കപ്പെട്ടവരുടെ സത്യ സഭയിൽ കൃപയാൽ നമുക്ക് പങ്കു ചേരാം. വിശുദ്ധ പത്രോസും മറ്റു വിശുദ്ധ അപ്പോസ്തലന്മാരും ഈ സത്യ സഭയിൽ അത്രേ കൃപയാൽ ഉള്ളത് .
ദൈവം അനുഗ്രഹിക്കട്ടെ.